• English
  • عربي / Arabic
  • മലയാളം / Malayalam

ശസ്ത്രക്രിയയില്ലാതെ ഹൃദയവാൽവ് മാറ്റിവെക്കാം: ടാവി (TAVI) ചികിത്സാരീതിയെക്കുറിച്ച് അറിയാം

18 June 2026
പരമ്പരാഗതമായ ഓപ്പൺ ഹാർട്ട് സർജറികളുടെ ഭയമില്ലാതെ, ഹൃദയസംബന്ധമായ ഗുരുതരമായ തകരാറുകൾക്ക് ഇന്നു പരിഹാരമുണ്ട്.   ഹൃദയത്തിലെ വാൽവുകൾക്കുണ്ടാകുന്ന ചുരുക്കവും ലീക്കും പരിഹരിക്കാൻ മുൻകാലങ്ങളിൽ നെഞ്ച് തുറന്നുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയകൾ മാത്രമായിരുന്നു ആശ്രയം. എന്നാൽ വൈദ്യശാസ്ത്രത്തിലെ പുതിയ മുന്നേറ്റങ്ങൾ വലിയ കീറലുകളോ മുറിവുകളോ ഇല്ലാതെ തന്നെ വാൽവുകൾ മാറ്റിവെക്കാനുള്ള സൗകര്യം ഇന്ന് ഒരുക്കുന്നു.

ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയവാൽവ് വിജയകരമായി മാറ്റിവെക്കുന്ന 'ടാവി' (TAVI / TAVR) എന്ന അത്യാധുനിക ചികിത്സാരീതിയെക്കുറിച്ചും അയോട്ടിക് വാൽവിന് ഉണ്ടാകുന്ന തകരാറുകൾ ശരീരത്തിൽ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്, എങ്ങനെയാണ് ഇത് കണ്ടെത്തുന്നത്, പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് ടാവി ചികിത്സ രോഗിക്ക് നൽകുന്ന സുരക്ഷിതത്വവും മേന്മകളും എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കാർഡിയോളജി ചീഫ് & സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ദീപക് രാജു സംസാരിക്കുന്നു

ടാവി (TAVI / TAVR) എന്നാൽ എന്ത്?
ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിലെ അയോട്ടിക് വാൽവ് മാറ്റി വെക്കുന്ന അത്യാധുനിക പ്രക്രിയക്കാണ് ടാവി (TAVI - Transcatheter Aortic Valve Implantation) അഥവാ ടാവർ (TAVR) എന്ന് പറയുന്നത്. ഹൃദയത്തിലെ പ്രധാന പമ്പിംഗ് ചേമ്പറായ ലെഫ്റ്റ് വെൻട്രിക്കിളിനും , ഹൃദയത്തിൽ നിന്ന് പുറത്തേക്ക് ശുദ്ധരക്തം കൊണ്ടുപോകുന്ന അയോർട്ട എന്ന മഹാധമനിക്കും ഇടയിലാണ് അയോട്ടിക് വാൽവ് സ്ഥിതി ചെയ്യുന്നത്.


ഈ അയോട്ടിക് വാൽവിന് ചുരുക്കം അനുഭവപ്പെടുകയോ അല്ലെങ്കിൽ ലീക്ക് ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് വാൽവ് മാറ്റിവെക്കേണ്ട അവസ്ഥ വരുന്നത്.

പ്രധാന ലക്ഷണങ്ങളും രോഗനിർണ്ണയവും

അയോട്ടിക് വാൽവിന് തകരാറുള്ള രോഗികൾക്ക് പ്രധാനമായും താഴെ പറയുന്ന ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്:

  • നെഞ്ചുവേദന
  • ശ്വാസംമുട്ടൽ
  • കഠിനമായ കിതപ്പ്
  • കാലുകളിൽ നീര് വരുക
  • ഹൃദയത്തിന്റെ താളം തെറ്റുക 

ഒരു  എക്കോകാർഡിയോഗ്രാം  ടെസ്റ്റ് വഴി ഹൃദയത്തിലെ വാൽവിന്റെ ചുരുക്കമോ ലീക്കോ കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും.

ടാവി (TAVI) ചികിത്സ എങ്ങനെയാണ് ചെയ്യുന്നത്?

പണ്ടുകാലങ്ങളിൽ ഓപ്പൺ ഹാർട്ട് സർജറി വഴി മാത്രമേ ഹൃദയത്തിലെ വാൽവുകൾ മാറ്റി വെക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് ശസ്ത്രക്രിയ കൂടാതെ, കാലിലെ രക്തധമനിയിലൂടെ ഒരു ചെറിയ കത്തീറ്റർ കടത്തിവിട്ട് ഹൃദയത്തിലെ കേടായ വാൽവുകൾ മാറ്റി പുതിയ വാൽവ് സ്ഥാപിക്കുന്ന രീതി ലഭ്യമാണ്.

TAVI ചികിത്സയുടെ പ്രധാന  ഗുണങ്ങൾ

പരമ്പരാഗത ഓപ്പൺ സർജറിയെ അപേക്ഷിച്ച് ടാവി ചികിത്സയ്ക്ക് ഒട്ടനവധി ഗുണങ്ങളുണ്ട്:

തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കാം: ഹൃദയം തുറന്നുള്ള വലിയ ശസ്ത്രക്രിയയുടെ (Open Heart Surgery) ആവശ്യമില്ല.

ഹൃദയത്തിന്റെ പ്രവർത്തനം നിർത്തേണ്ടതില്ല: സാധാരണ സർജറികളിൽ ചെയ്യുന്നത് പോലെ കുറച്ചു നേരത്തേക്ക് ഹൃദയത്തിന്റെ പ്രവർത്തനം നിർത്തി വെക്കേണ്ട പ്രോസസ്സ് ഇതിൽ ഒഴിവാക്കാൻ പറ്റും.

കുറഞ്ഞ ആശുപത്രി വാസം: രോഗിക്ക് ആശുപത്രിയിൽ കിടക്കേണ്ടി വരുന്ന ദിവസങ്ങൾ  വളരെ കുറവായിരിക്കും.

വേഗത്തിലുള്ള സുഖം പ്രാപിക്കൽ: ഹോസ്പിറ്റൽ വിട്ടു കഴിഞ്ഞാലും രോഗിക്ക് വളരെ പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക്  മടങ്ങാൻ സാധിക്കും.

Dr.Deepak Raju is a Senior Consultant interventional cardiologist with many years of experience in treating patients of all ages. His areas of special interest are Coronary, Peripheral interventions, Permanent pacemaker Implants & Transradial interventions.

Share this video: